കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കാൻ കൂടുതൽ സമയമനുവദിച്ച് കേസ് മാറ്റിവച്ചത് സിംഗിൾ മാനേജ്മെന്റുകൾക്കുവേണ്ടി മാത്രമായാണ്.
സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും മറ്റ് ഏജൻസികൾക്കും എൻഎസ്എസിന് 2025 മാർച്ച് അഞ്ചിനു നൽകിയ സുപ്രീംകോടതി ഉത്തരവ് ബാധകമായതിനാൽ മറ്റ് കോർപറേറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകളിൽ അധ്യാപക നിയമനാംഗീകാരം നൽകാൻ യാതൊരു തടസവും ഇപ്പോഴില്ല; മുൻപുമില്ല.
പകൽപോലെ വ്യക്തമായ ഇക്കാര്യം വിദ്യാഭ്യാസമന്ത്രി തന്ത്രപൂർവം മറച്ചുവയ്ക്കുകയാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. എൻഎസ്എസ് കേസ് അനാവശ്യമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സുപ്രീംകോടതി കേസിലേക്ക് തള്ളിവിട്ട സർക്കാരാണ് യഥാർഥ കുറ്റവാളികൾ.
ഈ അപകടം മുൻകൂട്ടി കണ്ട് ഗിൽഡ് ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ ഈ പ്രശ്നം വീണ്ടും അനാവശ്യമായി കോടതിയുടെ പരിഗണനയ്ക്കു വിട്ടാൽ അനന്തമായി നീളുമെന്ന് ഗവൺമെന്റിനെ നിരന്തരം ഓർമപ്പെടുത്തിയിട്ടുള്ളതാണ്.
2021 നവംബർ എട്ടിനുമുമ്പ് ജോലിയിൽ പ്രവേശിച്ച് ശമ്പളം വാങ്ങുന്ന അധ്യാപകരാണ് ഇപ്പോൾ വിവാദമായ കേസിലെ പരാതിക്കാർ. ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ എല്ലാ വിധത്തിലും സഹകരിച്ചിട്ടുള്ള കോർപറേറ്റ് സ്കൂൾ മാനേജ്മെന്റ് ഏജൻസികളും ബന്ധപ്പെട്ട എല്ലാ അധ്യാപകരും സർക്കാരിനൊപ്പം നിന്നില്ല എന്ന മന്ത്രിയുടെ കണ്ടെത്തൽ വിരോധാഭാസമാണ്.
നിലവിൽ ശമ്പളം ലഭിക്കാത്ത 22,000 വരുന്ന അധ്യാപകരിലാരും കോടതിയിൽ ഒരു വാദവും ഉയർത്തിയിട്ടില്ല. ശമ്പളം ലഭിക്കുന്ന അധ്യാപകർ പെറ്റീഷണറും ഭിന്നശേഷിക്കാർ റെസ്പോണ്ടന്റും ആയ കേസിൽ ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ വിഷയം അനാവശ്യമായി വലിച്ചിട്ട സർക്കാർ അധ്യാപകസമൂഹത്തോട് മാപ്പ് പറഞ്ഞ് തിരുത്തണമെന്ന് ഗിൽഡ് ഭാരവാഹികൾ ആവശ്യപ്പെട്ടു.